ആയുർവേദപ്രകാരം ഒരു വർഷത്തെ നമ്മുക്ക് രണ്ട് കാലങ്ങളായി തിരിക്കാം 6 മാസം ഉത്തരായനകാലം അല്ലെങ്കിൽ ആധാനകാലം എന്നും , 6 മാസം ദക്ഷിണായനകാലം അല്ലെങ്കിൽ വിസർഗ്ഗ കാലം എന്നും . ഇതിൽ ഉത്തരായന കാലത്തിൽ പ്രധാനമായും മൂന്ന് ഋതുക്കൾ ആണ് ഉള്ളത് ശിശിരം, വസന്തം, ഗ്രീഷ്മം.
ദക്ഷിണായന കാലത്തിൽ വർഷം, ശരത്ത്, ഹേമന്ത് എന്നീ മൂന്ന് ഋതുക്കൾ ആണ് ഉള്ളത്.
ദക്ഷിണായന കാലം തുടങ്ങുന്നത് കർക്കിടകം മാസത്തിലാണ് ഈ സമയത്ത് വർഷകാലമായതിനാൽ തന്നെ ഭൂമിയും അന്തരീക്ഷവും തണുക്കുകയും നമ്മുടെ ശരീരത്തിൽ വാതം കോപിച്ച് വാത രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
അതുകൂടാതെ അഗ്നിബലം കുറഞ്ഞ് നമ്മുടെ ശാരീരിക ബലവും കുറയുന്നു. ആയതിനാൽ ഇതെല്ലാം തന്നെ നമ്മുടെ രോഗപ്രതിരോധശേഷിയെ കുറയ്ക്കുന്നു.
ഈ കാലഘട്ടത്തിൽ പ്രകൃതിയിൽ മഴക്കാല രോഗങ്ങൾ പ്രകൃതിക്ഷോഭങ്ങൾ സാംക്രമിക രോഗങ്ങൾ എന്നിവയൊക്കെ കൂടുതലാണ് ഈ കാരണങ്ങളാൽ തന്നെ ഈ സമയത്ത് കർക്കിടക ചികിത്സ അനിവാര്യമാണ്.
🌱 കർക്കിടക ചികിത്സയുടെ പ്രാധാന്യം?
കർക്കിടക ചികിത്സയിലൂടെ മനുഷ്യശരീരം പുനരുജ്ജീവനം നേടി അടുത്ത 11 മാസത്തേക്കുള്ള ആരോഗ്യം നിലനിർത്തുന്നു.
പഞ്ചകർമ്മ ചികിത്സകളായ വമനം, വിരേചനം, വസ്തി, നസ്യം, രക്‌തമോക്ഷണം എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.
ഇതിലൂടെ ശരീരത്തിലെ മാലിന്യങ്ങൾ ഒഴിവാക്കി പ്രതിരോധശേഷിയും ബലവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രോഗി ബലവും രോഗബലവും അനുസരിച്ച് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇതിൽ വേണ്ടവ തിരഞ്ഞെടുത്തു ചെയ്യാവുന്നതാണ്
ഇതോടൊപ്പം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ഔഷധക്കഞ്ഞി ഇതിൽ വാതശമനം ആയിട്ടുള്ളതും രോഗ പ്രതിരോധശേഷി, അഗ്നിബലത്തെ വർധിപ്പിക്കുന്നതും ആയിട്ടുള്ള ഔഷധങ്ങളാണ് ഉപയോഗിക്കുന്നത്
ഇതിൽ പ്രധാന ഔഷധങ്ങളായി ഉപയോഗിക്കുന്നത് കുറുന്തോട്ടി, ശതകുപ്പ, ഇടിഞ്ഞിൽ, പിപ്പലി, അമുക്കുരു, ഉലുവ, ഇന്ദുപ്പ് മുതലായവയാണ്
ഈ ഔഷധങ്ങൾ ഇട്ട് തിളപ്പിച്ച വെള്ളം തെളിച്ചു എടുത്ത് അതിൽ ധാന്യം (ഞവര,പൊടിയരി, ചെന്നല്ലരി ) ഇട്ടു വേവിക്കുക. ഈ കഞ്ഞിയിൽ നെയ്യിൽ താളിച്ച കടുക് ചെറിയ ഉള്ളി എന്നിവ ചേർത്ത് ഉപയോഗിക്കാവുന്നതാണ്
ഡോ. ശിവാനി . എ.എസ്
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ ,
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കോട്ടയം
No comments:
Post a Comment