പുതുവർഷ പുലരി ആവണി മാസാരംഭത്തോടെയാണെങ്കിൽ, ആരോഗ്യവർഷ പുലരി കർക്കിടകത്തിൽ ആരംഭിക്കുന്നു.
ആരോഗ്യപൂർണമായ മനസ്സും ശരീരവും വാർത്തെടുക്കുന്നതിനുള്ള ഔഷധസേവ, ആഹാര വിഹാരാദികൾ തുടങ്ങിയവ ശീലിച്ചു തുടങ്ങാൻ ഉത്തമമായ സമയമാണ് കർക്കിടകം. അഹിതാചാരങ്ങൾ ത്യജിച്ച് നവ ആരോഗ്യ സിദ്ധാന്തങ്ങൾ ശരീരവ്യവസ്ഥയിൽ ഉൾക്കൊള്ളിക്കാൻ, ആരോഗ്യത്തിന്റെ പുതു വിത്തുകൾ പാകാൻ ഉതകുന്ന സമയമാണ് കർക്കിടകം.
മനുഷ്യ ശരീരത്തിൽ അംഗബലവും ശരീരബലവും കുറഞ്ഞ കാലഘട്ടമാണ് കർക്കിടകം. വേനൽചൂടിൽ നിന്ന് മാറി പെട്ടെന്ന് പെയ്യുന്ന മഴയും തണുപ്പും വാതവർദ്ധകങ്ങളാണ്. ചുട്ടുപഴുത്ത ഭൂമിയിൽ പെട്ടെന്ന് പെയ്യുന്ന മഴ, സസ്യജാലങ്ങളിലും ജലാശയങ്ങളിലും അമ്ല വിപാകം ഉണ്ടാക്കുകയും പിത്തചയം സംഭവിക്കുകയും ചെയ്യുന്നു. തണുപ്പ്, ഈർപ്പം ഇവ കഫ ദോഷത്തെയും വ്യതിചലിപ്പിക്കുന്നു. സാംക്രമിക രോഗങ്ങളുടെ കാലം കൂടിയാണ് കർക്കിടകം.
നൂറ്റാണ്ടുകളായി കേരളീയർ പിന്തുടരുന്ന ഭക്ഷണക്രമം, പഞ്ചകർമ്മ ചികിത്സ, പഥ്യാചാരങ്ങൾ തുടങ്ങിയവ ആരോഗ്യത്തിന്റെയും പ്രതിരോധശേഷിയുടെയും നിർണായക ഘടകങ്ങളാണ്.
സാത്മ്യമറിഞ്ഞ് വേണം ഋതുചര്യകൾ ശീലിക്കാൻ. ഓരോ ദേശത്തെയും വ്യക്തിയെയും കൃത്യമായി അപഗ്രഥിച്ച് ദോഷപ്രകൃതികൾ അറിഞ്ഞു വേണം കർക്കിടക ചികിത്സ ശീലിക്കാൻ.
ഉത്തരായന ദക്ഷിണായനങ്ങളുടെ അയനസന്ധിയായ കർക്കിടകത്തിൽ ശരീരബലം തീരെ കുറവായതിനാൽ ആരോഗ്യ സംരക്ഷണത്തിൽ കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കർക്കിടക കഞ്ഞി, പത്തിലത്തോരൻ മുതലായ പരമ്പരാഗത ഭക്ഷണങ്ങൾ അഗ്‌നി വർദ്ധകങ്ങളും പ്രതിരോധശേഷി വർദ്ധകങ്ങളും ആണ്.
ഘൃതസേവയിലൂടെ ആരംഭിച്ച് സ്നേഹ സ്വേദനങ്ങളിലൂടെ വികൃത ദോഷങ്ങളെ കോഷ്‌ഠത്തിലെത്തിച്ച് പഞ്ചകർമ്മ ക്രിയകളിലൂടെ ദോഷങ്ങളെ ബഹിഷ്കരിച്ച്, ശുദ്ധമായ ശരീരത്തെ ചികിത്സയിലൂടെ പുഷ്‌ടിപ്പെടുത്തി, വരും വർഷങ്ങളിലേക്കും ആരോഗ്യദായകമായ ശരീരത്തെ വാർത്തെടുക്കുക എന്നതാണ് കർക്കിടക ചികിത്സയുടെ ലക്ഷ്യം.
ഔഷധികളുടെ നാഥനായ ചന്ദ്രൻറെ രാശിയായ കർക്കിടകത്തിൽ, ഔഷധസസ്യങ്ങളുടെ വീര്യം വർദ്ധിച്ചിരിക്കുന്നു. അതിനാൽ ഔഷധസേവയ്ക്ക് പറ്റിയ കാലവുമാണ് കർക്കിടകം.
ശരീരത്തിന്റെ രക്ത ചംക്രമണം വർദ്ധിപ്പിക്കാനും അസ്ഥിമജകൾക്കുണ്ടാകുന്ന ക്ഷയം മാറ്റാനും സമദോഷ അഗ്‌നി ധാതു മലങ്ങൾ സ്ഥാപിക്കാനും ജീവിത നിലവാരം ഉയർത്താനും കർക്കിടക ചികിത്സ സഹായിക്കുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ഹിതാഹിതങ്ങളെ കൃത്യമായി മനസ്സിലാക്കിയുള്ള ആയുർവേദ ശാസ്ത്ര ചികിത്സാ പദ്ധതിയിലൂടെ ശാരീരിക മാനസിക ആരോഗ്യം വർദ്ധിപ്പിക്കാനും ഊർജ്ജസ്വലമായ ജീവിതരീതി പടുത്തുയർത്താനും സാധിക്കും.
No comments:
Post a Comment