*കാലം
"കലയതി ഇതി കാലഃ " :*
സൃഷ്ടിസ്ഥിതിലയങ്ങളെ നിർവ്വഹിയ്ക്കുന്നതാണു കാലം. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളുടെയും നിർമ്മാണത്തിനും നാശത്തിനുമുള്ള നിർബന്ധിത കാരണമായി കാലത്തെ നിർവചിച്ചിരിക്കുന്നു
കർക്കിടക കാല ചികിത്സയ്ക്ക് വളരെ കാലത്തെ പഴമയുണ്ട് എങ്കിലും സാധാരണ ജനങ്ങൾക്കിടയിൽ ഇതിനെപ്പറ്റി ധാരാളം സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ജ്യോതിശാസ്ത്രപ്രകാരം സൂര്യൻ കർക്കിടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കിടക മാസം. ഔഷധങ്ങളുടെ നാഥനായ ചന്ദ്രന്റെ രാശികൂടെയാണ് കർക്കടകം. ആയതിനാൽ ഔഷധങ്ങൾക്ക് ഈ കാലയളവിൽ വീര്യം വർദ്ധിക്കുന്നു എന്നാണ് പൗരാണിക മതം. "ബലാധിഷ്ഠാനം ആരോഗ്യം ആരോഗ്യാർത്ഥം ക്രിയാ ക്രമം". ഒരുവന്റെ ആരോഗ്യം അയാളുടെ ബലത്തെ ആശ്രയിച്ചിരിക്കുന്ന. ഈ തനൂർ ബലം നേടാൻ വേണ്ടി ക്രിയാക്രമങ്ങൾ ചെയ്യുക എന്ന വീക്ഷണത്തിൽ നിന്നാണ് പൊതുവേ ആരോഗ്യം ക്ഷയിച്ചിരിക്കുന്ന കർക്കിടകം മാസത്തിൽ ആയുർവേദ ചികിത്സയ്ക്ക് പ്രാധാന്യം ഏറിയത്.
ഒരു വർഷത്തെ രണ്ട് കാലങ്ങളായാണ് ആയുർവേദ ആചാര്യന്മാർ വിഭജിച്ചിരിക്കുന്നത്, ആറ് മാസം “അദാന കാലം” എന്നും, ആറ് മാസം “വിസർഗ്ഗ കാലം” എന്നും രണ്ടായി വിഭജിച്ചിരിക്കുന്നത്. മേടം മുതൽ കന്നി വരെയുള്ളതാണ് 'വിസർഗ്ഗ കാലം'. പ്രകൃതി മനുഷ്യനിലേക്ക് ആരോഗ്യത്തെനൽക്കുന്ന കാലമെന്ന് പറയാം. വിസർഗ്ഗ കാലത്തിന്റെ മധ്യമാണ് കർക്കിടകം. ആ സമയത്തെ ആയുർവേദ ചികിത്സയ്ക്ക് ഫലം ഏറുന്നു. ഉഷ്ണാധിക്യം ഉള്ള ഗ്രഷ്മ ഋതുവിന് ശേഷം പെട്ടന്നുള്ള കാലാവസ്ഥാവ്യതിയാനവും അന്തരീക്ഷത്തിലെ കുറഞ്ഞ താപനിലയും കാരണം അഗ്നിബലം കുറയുകയും തൻനിമിത്തം പിത്ത ദൂഷ്യവും ഉണ്ടാകുന്നു ആരോഗ്യം കുറയുന്നു. ത്രിദോഷങ്ങളിൽ മുഖ്യമായ വാതം വർദ്ധിച്ചു പലതരം രോഗങ്ങൾക്കും, പകർച്ചവ്യാധികൾക്കും എളുപ്പത്തിൽ അടിമപ്പെടുന്നു, തന്മുലം കഫ ദോഷത്തിലും വ്യതിയാനം സംഭവിക്കുന്നു. ത്രിദോഷങ്ങളുടെ അസന്തുലിതാവസ്ഥ വർദ്ധിക്കുന്ന ഈ കാലയളവിൽ പ്രതിരോധശേഷി കുറയുകയും ചെയ്യുന്നു. പ്രായമായവരിൽ വാത രോഗ ലക്ഷണങ്ങളായ വേദന, കഴപ്പ്, തരിപ്പ്, സന്ധികളിൽ പിടിത്തം, എന്നിവ വർദ്ധിക്കും.
പഞ്ചഭൂതങ്ങൾ, ത്രിദോഷങ്ങൾ, സപ്തധാതുക്കൾ എല്ലാം കൂടി ചേരുന്ന ഈ ശരീരത്തിൽ രോഗകാരണമായി പറയുന്നത് മുൻപ് സൂചിപ്പിച്ച പ്രകാരം അഗ്നിബലം ക്ഷയിക്കുക വഴി ത്രിദോഷങ്ങൾ അസന്തുലിതമാകുന്നതാണ്. ആയതിനാൽ മന്ദിഭവിച്ചു അഗ്നിക്ക് ദീപനം ഉണ്ടാക്കി തിദോഷങ്ങളെ സമരസപെടുത്തുക എന്നതാണ് പ്രധാനമായും കർക്കടക ചികിത്സയുടെ ലക്‌ഷ്യം. ഭക്ഷണം, വിശ്രമം വ്യായാമം, ഉറക്കം,മൈഥുനം എന്നിവ ക്രമീകരിച്ചു ഏറ്റക്കുറച്ചിലില്ലാതെയും മിതമായും അനുവർത്തിക്കുന്നതിലൂടെ ശരീരത്തിന്റെ പുനരുജീവനത്തിനായി സാധിക്കും എന്നും ആയുർവ്വേദം അനുശാസിക്കുന്നു.
# ഇതിനായി ആയുർവ്വേദം മുന്നോട്ടു വെക്കുന്ന ചിലകാര്യങ്ങൾ നോക്കാം:
നേരം പുലർന്ന ഉടൻ എഴുന്നേറ്റ് പ്രാഥമിക കർമങ്ങൾ നിർവഹിച്ചു ശരീരവും ഒപ്പം മനസും ശുദ്ധമാക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ പൂർണ്ണ ആരോഗ്യവാൻ എന്ന് പറയാൻ സാധിക്കു.
മനുഷ്യ ശരീരത്തിൽ ദഹന പ്രക്രിയ കുറവുള്ള മാസം ആയതിനാൽ ലഘുവായ ആഹാര-വിഹാരങ്ങൾ ശീലിക്കുക. മൽസ്യ മാംസാദികളും ദഹിക്കാൻ പ്രയാസമുള്ള പദാർത്ഥങ്ങളും ഒഴുവാകുന്നത് ഉത്തമം. ചെറുചൂടുള്ളതും നവവുമായ (ഫ്രഷ്) ആഹാരം ശീലമാക്കുക.
ഔഷധ കഞ്ഞി : വളരെ വേഗം ദഹിക്കുന്നതും ശരീരത്തിന് ഹിതവുമായ ഒന്നാണ് കഞ്ഞി. ആവശ്യത്തിന് ജലാംശം നിലനിറുത്തി വേണ്ടുന്ന അന്നജവും പോഷകവും നൽകുന്നതാണ് കഞ്ഞി. ശരീരത്തെ അക്കെ പുനരുജ്ജീവിപ്പിക്കുകയാണ് മരുന്നു കഞ്ഞി സേവയുടെ ലക്‌ഷ്യം. ക്ഷീണം മാറാനും, വിശപ് വർധിക്കാനും ധാതുക്കളുടെപുഷ്ടിക്കും ഉതകുന്നവയാണ് മരുന്നുകഞ്ഞിയുടെ കൂട്ട്. വീട്ടിൽ തന്നെ തയാറാക്കാവുന്നതും 41 ദിവസം വരെ തുടർച്ചയായി കഴിക്കാവുന്നതുമായ ഒന്നാണ് ഔഷധക്കഞ്ഞി. ഞവരയരി, പഞ്ചകോലം, ഇന്ദുപ്പ് , ദശമൂലം, ദശപുഷ്പം എന്നിവ ശാരിരിക പ്രകൃതിക്കനുസരിച്ച് ഔഷധ കഞ്ഞിയിൽ ഉൾപ്പെടുത്താവുന്നതാണ്. സ്വാദുകൂട്ടാൻ ശർക്കരയും തേങ്ങാപ്പാലും യുക്തിക്കനുസരിച്ചു ചേർക്കാവുന്നതാണ്.
പഞ്ചകർമ്മ ചികിത്സ: പഞ്ചകർമ്മം എന്നാൽ പ്രധാന ചികിത്സയാണ്. വാമനം, വിരേചനം, വസ്തി, നസ്യം,രക്തമോക്ഷം എന്നി 5 പ്രധാനാകർമങ്ങൾ ശരീരത്തിന് ദോഷ ശമനം ഉണ്ടാകുന്നതിനു ഉതകുന്നവയാണ്. ഇവ ശരീരപ്രകൃതി രോഗാവസ്ഥ എന്നിവക്കനുസരിച്ച് പരിജ്ഞാനമുള്ള വൈദ്യന്റെ മേൽനോട്ടത്തിൽ ചെയേണ്ടതാണ്. മറിച്ചായാൽ വിപരീതഫലം ഉണ്ടായെന്നുംവരാം. പ്രധാനാകർമ്മങ്ങൾക്ക് മുന്നോടിയായി ചില പൂർവകർമങ്ങൾ ചെയ്യണം എന്ന് ആചാര്യമതം.
സ്നേഹനം ("ബാഹ്യം ആഭ്യന്തരം ": എണ്ണ, നെയ്യ് മുതലായ മെഴുക്കുള്ള പദാർത്ഥങ്ങളെ വേണ്ടുംവിധം അകത്തും പുറത്തും ഉപയോഗിച്ച് ശരീരത്തിന് സ്‌നിഗ്‌ദ്ധത വരുത്തുന്ന ക്രിയയാണ് സ്നേഹനം) സ്വേദനം (വീയർപ്പിക്കൽ) എന്നി 2 പൂർവ കർമ്മങ്ങളുണ്ട്. പലതരം ക്രിയഭേദങ്ങൾ ആണ് നമ്മൾ ഇന്ന് കണ്ടുവരുന്ന ഉഴിച്ചിലും, ഇലക്കിഴിയും, ഞവരക്കിഴിയും, പിഴിച്ചിലും എല്ലാം ശരീരത്തിന് ഇളപ്പമുള്ള കാലമായതിനാൽ ഈ ക്രിയാ ഭേദങ്ങൾ അനുവർത്തിക്കുന്നതിനു കർക്കടകം അനുയോജ്യമായ സമയമായാണ് ആയുർവ്വേദം പറയുന്നത്. രക്തചംക്രമണം വർധിപ്പിച്ച് മാംസപേശികൾക്ക് ദൃഢത നൽകുന്ന ഈ പൂർവകർമങ്ങൾ പഥ്യമാചരിച്ച് അനുവർത്തിക്കുകയും പഞ്ചകർമ്മങ്ങളിൽ ആവശ്യമുള്ള ക്രിയാക്രമം തിരഞ്ഞെടുത്ത് ശരീരശുദ്ധിവരുത്തിയ ശേഷം രസായന ഔഷധങ്ങൾ സേവിക്കുന്നത് ഉത്തമമാണ്. വിദഗ്ദ്ധനായ വൈദ്യന്റെ മേൽനോട്ടപ്രകാരം നെയ്യ് സേവിച്ചു യഥാവിധി വിയർപ്പിച്ചു വർദ്ധിച്ചിരിക്കുന്നു. ദോഷങ്ങളെ പഞ്ചകർമ്മങ്ങളിലൂടെ ബഹിഷ്കരിച്ചതിനുശേഷമാവണം രസായനം സേവിക്കുന്നത്. ഇതിലൂടെ ശാരീരികബലം വീണ്ടെടുക്കാൻ സാധിക്കുന്നു. ജീവിതകാലം മുഴുവൻ ഔഷധ സേവാ എന്നതിൽനിന്നും ആരോഗ്യമുള്ള ജീവിതം എന്ന ആശയത്തിലേക്കാണ് കർക്കടക ചികിത്സ ശ്രദ്ധ കേന്ദ്രികരിക്കുന്നത്.
ഡോ. നാരായണപ്രസാദ് ആർ. (BAMS)
ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, കൊല്ലം