ശരീരത്തിന് ഊർജ്ജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആർജിക്കാൻ ഏറ്റവും നല്ല സമയമാണ് കർക്കിടകം.
ഔഷധങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്ന സമയം കൂടിയാണിത്.ശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്ന കേരളത്തിലെ മഴക്കാലം എന്ന് പറയാവുന്ന ജൂൺ ,ജൂലൈ, ഓഗസ്റ്റ് മാസം പകുതി വരെയുള്ള കാലം .മനസ്സും ശരീരവും ശുദ്ധീകരിച്ച് ബലപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ സമയമാണിത്. ഇതിനായി പഴമക്കാർ ശീലിച്ചു വന്നിരുന്ന ഭക്ഷണ രീതിയാണിത്.ഇതിനായി ചെടികളുടെ മൂപ്പ് എത്താത്ത ഇലകൾ നുറുക്കി ചിരകിയ തേങ്ങയും മറ്റു ചേരുവകളും ചേർത്ത് കറി വയ്ക്കുന്നതിന് പത്തിലവയ്ക്കൽ എന്ന് പറയുന്നു..ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഒരു ഇലക്കറി കഴിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണമാണ്.
1.കുമ്പളം -ഭക്ഷ്യ നാരുകൾ ധാരാളമുള്ള കുമ്പളത്തില ദഹന വ്യൂഹം ശുദ്ധമാക്കും.മൂപ്പ് എത്താതെ ഇലകൾ പറിച്ച് കയ്യിൽ വച്ച് തിരുമ്മി ഇലയിലെ രോമങ്ങൾ കുടഞ്ഞു കളഞ്ഞു ഉപയോഗിക്കാം.
2.തകര -ദഹനശേഷി കൂട്ടാനും , ത്വക് രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, അലർജി എന്നിവ നിയന്ത്രിക്കാനും ഫലപ്രദമാണ് അധികം മൂക്കാത്ത ഇലകളാണ് എടുക്കേണ്ടത്.
3.വെള്ളരി - ധാതുലവണങ്ങളും ധാരാളം വൈറ്റമിനുകളും ഇവയിൽ അടങ്ങിയിരിക്കുന്നു.എല്ലുകളുടെ ആരോഗ്യത്തിനും,മലബന്ധം ഒഴിവാക്കാനും സഹായിക്കുന്നു ഇലകളിലെ രോമം കളഞ്ഞശേഷം കറിവയ്ക്കാനായി ഉപയോഗിക്കാം.
4.തഴുതാമ -ഹൃദ്രോഹത്തിനും, മൂത്രാശയ രോഗങ്ങൾക്കും , മലബന്ധം നീക്കാനും ഇവ ഉപയോഗിക്കാറുണ്ട്.
5.ചീര- പലതരത്തിലുള്ള ചീരകൾകളുണ്ട് ഇവയിൽ ഏതു വേണമെങ്കിലും ഉപയോഗിക്കാം.ചീരയിൽ അയൺ ,വൈറ്റമിൻസ്, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു. വിളർച്ച, ക്ഷീണം എന്നിവ അകറ്റാനും നേത്ര രോഗങ്ങൾ നിയന്ത്രിക്കാനും ചീര ഉപയോഗിക്കാറുണ്ട്.
6. ചേന- പ്രോട്ടീൻ,കാൽസ്യം, വെറ്റമിനുകൾ എന്നിവയാൽ സമ്പന്നം.അറ്റത്ത് വിടർന്ന് വരുന്ന തളിരിലയാണ് ഉപയോഗിക്കുന്നത്.
7.ആനകൊടിത്തൂവ-ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു. രക്തശുദ്ധീകരണത്തിനും, ശരീരത്തിൽ നിന്ന് ടോക്സിനുകൾ നീക്കാനും, വാതസംബന്ധമായ അസുഖങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഇവയുടെ ഇലകൾ ചെറിയ ചൂടുവെള്ളത്തിലിട്ടാൽ ചൊറിച്ചിൽ മാറി കിട്ടും.
8.മത്തൻ -കാൽസ്യം, വൈറ്റമിനുകൾ ,ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ദഹനശേഷി വേഗത്തിലാക്കുന്നു.വാത,പിത്ത, കഫ ദോഷങ്ങളെ നിയന്ത്രിക്കാനും സഹായിക്കുന്നു.
9.താള് -കാൽസ്യം , പൊട്ടാസ്യം, അയൺ എന്നിവയാൽ സമ്പന്നം. തൊലി നീക്കിയ തണ്ടുകളും വിടരാത്ത ഇലകളും കറി വയ്ക്കാനായി ഉപയോഗിക്കുന്നു. മഞ്ഞൾപൊടി തൂകി വെച്ച് ചൊറിച്ചിൽ മാറ്റി വേണം ഉപയോഗിക്കാൻ.
10. നെയ്യുണ്ണി (ശിവലിംഗകായ) -ത്വക്ക് രോഗങ്ങൾ ,പനി,ചുമ, നീര് എന്നിവയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
അസിസ്റ്റൻറ് മെഡിക്കൽ ഓഫീസർ
ശാന്തിഗിരി ആയുർവേദ & സിദ്ധ ഹോസ്പിറ്റൽ, തൃശ്ശൂർ