നെയ് സേവിപ്പിച്ച് യഥാവിധി വിയര്‍പ്പിച്ച്, വര്‍ധിച്ചിരിക്കുന്ന ദോഷങ്ങളെ പഞ്ചകര്‍മങ്ങളിലൂടെ ബഹിഷ്‌കരിച്ചതിനു ശേഷം രസായനം സേവിപ്പിച്ച് ശരീരബലം വര്‍ധിപ്പിക്കുകയാണ് ഈ ചികിത്സയുടെ ഉദ്ദേശ്യം. ഇക്കാലത്ത് ആളുകള്‍ക്ക് ദീര്‍ഘകാലം തൊഴിലില്‍നിന്ന് വിട്ടുനിന്ന് നെയ് സേവിക്കുവാനും സ്വേദകര്‍മങ്ങള്‍ (വിയര്‍പ്പിക്കല്‍) ചെയ്തതിനുശേഷം പഞ്ചകര്‍മം (വമനം, വിരേചനം, നസ്യം, വസ്തി, രക്തമോക്ഷം) അനുഷ്ഠിക്കുവാനും സാധിച്ചുവെന്നു വരില്ല. പ്രായോഗികമായി പഞ്ചകര്‍മങ്ങളില്‍ ആവശ്യമുള്ള ക്രിയാക്രമം തിരഞ്ഞെടുത്ത് ശരീരശുദ്ധി വരുത്തിയ ശേഷം രസായനൗഷധങ്ങള്‍ സേവിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് ആരോഗ്യസംരക്ഷണത്തിന് സാധ്യമായ വീട്ടില്‍ത്തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.
- ദഹനശക്തി വര്‍ധിപ്പിക്കുന്ന ഔഷധങ്ങള്‍ കഴിക്കുക.
- ആയുര്‍വേദചികിത്സകന്റെ നിര്‍ദേശമനുസരിച്ച് ആവശ്യമെങ്കില്‍ നെയ് സേവിപ്പിച്ച് ഉചിതമായ തൈലം ദേഹത്തു പുരട്ടി വിയര്‍പ്പിക്കണം. വേണ്ടത്ര ദിവസങ്ങള്‍ ഇപ്രകാരം ചെയ്ത് വയറിളക്കണം.
- ശരീരപ്രകൃതിക്കനുസരിച്ചുള്ള രസായനങ്ങള്‍ സേവിക്കുക.
- പഥ്യാനുഷ്ഠാനങ്ങളും വിശ്രമവും വേണം.
- കര്‍ക്കടകമാസത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ കഴിക്കേണ്ടതാണ്.
- കൂടാതെ ഔഷധഗുണമുള്ള പത്തിലകള്‍ ദേശത്തിനനുസരിച്ച് ലഭ്യമായവ അരിഞ്ഞ് ഉപ്പുചേര്‍ത്ത് വെളിച്ചെണ്ണയില്‍ താളിച്ചു കഴിക്കുന്ന രീതിയും ആരോഗ്യകരമാണ്. ഇലകള്‍ പുഴുങ്ങിയാല്‍ ഗുണം കുറയുമെന്ന് ഓര്‍മിക്കുക. മത്ത, കുമ്പളം, പയര്‍, തഴുതാമ, കഞ്ഞുണ്ണി, തകര, താള്, ചേന, ചീര, കുടകന്‍ ഇവയുടെ ഇലകള്‍ക്ക് രോഗപ്രതിരോധശേഷിയും ഔഷധഗുണവുമുണ്ട്.
- തവിടും ശര്‍ക്കരയും അടയുണ്ടാക്കി ഇടനേരം കഴിക്കുന്നത് ഫലപ്രദമാണ്.
- മുക്കുടിപ്രയോഗം പുളിയാരല്‍ , മുത്തിള്‍, മുത്തങ്ങ, ഇഞ്ചി ഇവ മോരില്‍ അരച്ച് തിളപ്പിച്ചുകഴിക്കുന്നത് ഉദരരോഗങ്ങള്‍ തടയുന്നു.
- മരുന്നുകഞ്ഞി - അഗ്നിദീപ്തിയുണ്ടാക്കുന്ന ജീരകം, ചുക്ക്, അയമോദകം, കുരുമുളക്, അരികളാറ് തുടങ്ങിയ ഔഷധദ്രവ്യങ്ങള്‍ ചേര്‍ത്തു സംസ്‌കരിച്ച ഞവരച്ചോറ് അല്പം നെയ്യും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കഴിക്കുന്ന പ്രയോഗവും ശരീരബലം വര്‍ധിപ്പിക്കും.
മേല്‍പ്പറഞ്ഞ രീതികള്‍ എല്ലാം ശരീരബലവും രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതാണ്. ആകാവുന്ന കാര്യങ്ങളെങ്കിലും ചെയ്താല്‍ ഉന്മേഷവും ഊര്‍ജവും വീണ്ടെടുക്കാന്‍ സഹായിക്കും
അസോസിയേറ്റ് പ്രൊഫസർ,
ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് , പാലക്കാട്
No comments:
Post a Comment